BOOK REVIEW OF KHABAR BY KR MEERA
'ജീവിതത്തിൽ ആദ്യമായ് മറ്റൊരാളിന്റെ അസാന്നിദ്ധ്യത്തില്‍ ഞാൻ പരിപൂർണ്ണത അനുഭവിച്ചു', കെ ആര്‍ മീരയുടെ ഖബറിലെ അവസാന വരി ഇങ്ങനെയാണ്.
ആദ്യപുരുഷൻ അര്‍ഹിക്കുന്ന ബഹുമാനം നല്കാതിരുന്നിട്ടും, അയാൾക്ക് വേണ്ടി തന്റെ സ്വപ്നങ്ങള്‍ക്ക് ചുറ്റുമൊരു ലക്ഷ്മണരേഖ വരച്ച് നല്ല ഭാര്യയായിരിക്കാൻ സര്‍വ്വത്ര ശ്രമിച്ച ഭാവനയില്‍ എനിക്ക് ചുറ്റുമുള്ള പ്രിയപ്പെട്ട പല സ്ത്രീകളെയും ഞാൻ കണ്ടു. മുറിവേറ്റവൾ, തിരസ്കരിക്കപ്പെട്ടവൾ, സ്നേഹത്തിന്റെ കയ്പു രുചിച്ചവൾ... കെ ആര്‍ മീരയുടെ പതിവ് സ്ത്രീ കഥാപാത്രങ്ങളെ പോലെയൊരുവൾ തന്നെയായ ഭാവന.
നാട്ടുകാരെന്ത് വിചാരിക്കുമെന്നോർക്കാതെ, ഒരുമിച്ച് കഴിയാന്‍ വീർപ്പുമുട്ടല്‍ അനുഭവപ്പെട്ടത് കൊണ്ട് ഭര്‍ത്താവില്‍ നിന്നും അകന്ന് ജീവിക്കുന്ന പുസ്തകസ്നേഹിയായ അമ്മ. ദാമ്പത്യത്തിലെ കല്ലുകടികൾ വിവാഹമോചനഹർജിയുടെ വക്കോളമെത്തവേ 'പെണ്ണായാൽ ഭൂമിയോളം ക്ഷമിക്കണ'മെന്ന ക്‌ളീഷേ ഡയലോഗ് പറയാതെ 'കൂട്ടിനുള്ളിലാണെങ്കിൽ ചിറക് വിടര്‍ത്താന്‍ ഇടമില്ല. പക്ഷേ പിടിച്ചിരിക്കാൻ അഴിയുണ്ട്. ആകാശത്താണെങ്കിൽ ചിറക് വിടര്‍ത്താന്‍ ഇടമുണ്ട്. പക്ഷെ പിടിച്ചിരിക്കാൻ അഴിയില്ല' എന്ന് ടാഗോര്‍ എഴുതിയത് ഓർമ്മിപ്പിച്ച ശേഷം മകളുടെ ജീവിതം അവളുടെ തീരുമാനത്തിന് വിടുന്ന ഭാവനയുടെ അമ്മയും പ്രിയപ്പെട്ട കഥാപാത്രം തന്നെ.
കാക്കശ്ശേരി തങ്ങളും എഡ്വേഡ് റോസ് പുഷ്പങ്ങളും അയാൾ കൈപിടിച്ചാനയിച്ചു കൊണ്ടുപോയ മായാലോകവും... എത്ര ഭംഗിയായാണ് എഴുത്തുകാരി പ്രണയത്തെ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്!
എന്ത് കൊണ്ട് നിങ്ങൾ എന്നെ മാഡം എന്ന് വിളിക്കുന്നു എന്ന് ജില്ലാജഡ്ജിയല്ലാതെ സ്ത്രീയായിക്കൊണ്ട് ഭാവന ചോദിക്കുമ്പോള്‍ നിങ്ങൾ ആദരവ് അര്‍ഹിക്കുന്നു എന്ന് തങ്ങൾ പറയുമ്പോൾ പ്രമോദിൽ നിന്നും എത്രയോ ശ്രേഷ്ഠനായ പുരുഷനാണ് തങ്ങൾ എന്ന വസ്തുത വെളിപ്പെടുന്നു.
നോവിലാണ് അവസാനമെങ്കിലും ഭാവനയെന്ന സ്ത്രീയുടെയുള്ളിൽ പരിപൂർണ്ണത പ്രദാനം ചെയ്യും വിധം, സവിശേഷമായ ഒട്ടേറെ അനുഭവങ്ങൾ പ്രദാനം ചെയത് കൊണ്ടാണ് ഖബർ കേസ് ഹർജിക്കാരന്റെ അഭാവത്തില്‍ അവസാനിക്കുന്നത്.
രാമക്ഷേത്രം പണിയാന്‍ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവുണ്ടായ ദിവസം തന്നെ കഥയിലെ ദുരന്തദിവസമായി അടയാളപ്പെടുത്തുക വഴി ആ സാമൂഹിക വിഷയത്തിലേക്കും എഴുത്തുകാരി കഥയിലൂടെ ഇറങ്ങിച്ചെന്നിട്ടുണ്ട്.
സ്ത്രീത്വത്തിന്റെ ശോഭ മങ്ങാത്ത സ്വന്തം എഴുത്തുകളില്‍ അനിര്‍വചനീയമായ പ്രണയഭാവങ്ങൾ കൂടി നിറച്ച മഹത്തായ ഒരു കെ ആര്‍ മീര സൃഷ്ടി തന്നെയാണ് ഖബർ!
RATING :4.8/5
Comments
Post a Comment