BOOK REVIEW OF മീരാസാധു
"പാല്‍ പോലെയാണ് പ്രേമം. നേരത്തോട് നേരം കഴിഞ്ഞാൽ പുളിക്കും, പിരിയും, വിഷമാകും. മാധവന്‍ എനിക്ക് വിഷം തന്നു. ഞാൻ മരിച്ചില്ല. പകരം അയാളെ കൊന്നു"
കെ ആര്‍ മീരയുടെ മീരാസാധു എന്ന ഏറെ സവിശേഷതയാർന്ന പുസ്തകത്തിന്റെ തുടക്കം ഈ വാക്കുകളില്‍ നിന്നാണ്.
പ്രിയപ്പെട്ട എഴുത്തുകാരിയാണ്. അവർ കുറിക്കുന്ന ഓരോ വാക്കും ജീവിതമെന്ന് തോന്നിപ്പോകും. കഥകളിലെ പല അനുഭവങ്ങളും എന്റെ ജീവിതത്തോട് പലപ്പോഴും സാമ്യമില്ലാത്തവയെങ്കിലും ഞാൻ അനുഭവിച്ചവ തന്നെയെന്ന് തോന്നി പോകും.
പ്രണയിക്കുമ്പോൾ വളരെ വേഗം സ്വയം മറക്കുകയും പ്രണയത്തിനായി സ്വന്തം ആത്മാഭിമാനം പോലും പണയം വെക്കാൻ തയ്യാറാവുകയും ചെയ്യുന്ന ഒരായിരം സ്ത്രീകളിൽ ഒരുവള്‍ തന്നെയായിരുന്നു തുളസിയും. ഉപജീവനത്തിനായ് പ്രേമം നടിച്ചവളല്ലാത്ത, പ്രേമത്തിന് വേണ്ടി എല്ലാം ത്യജിച്ചവൾ. ചതിക്കപ്പെടുകയാണ്, താൻ പ്രണയിക്കപ്പെടുന്നില്ല എന്നൊക്കെയുള്ള തോന്നലുണ്ടായാലും മാധവൻ മാറോട് ചേര്‍ക്കുമ്പോള്‍, തര്‍ക്കിക്കാന്‍ ശ്രമിക്കുന്ന തന്നെ ചുംബിക്കുമ്പോൾ വീണ്ടും സ്വയമലിഞ്ഞ് പോവുന്ന തുളസിയിൽ നിന്ന്, സ്വന്തം കുഞ്ഞുങ്ങളുടെ വരെ ജീവനെടുത്ത് മീരാസാധുവായി ശേഷകാലം ജീവിച്ച് കൊണ്ട് മാധവനെ കൊല്ലാതെ കൊല്ലുന്ന തുളസിയിലേക്കുള്ള പരിവര്‍ത്തനം എത്ര രോമാഞ്ചമുളവാക്കുന്നതാണ്!
പ്രണയിച്ച പുരുഷനെ വിശ്വസിച്ച്, ഒന്നിച്ചുള്ള സ്വപ്നങ്ങൾക്ക് വേണ്ടി തന്റേത് മാത്രമായിരുന്ന വിലപ്പെട്ട സ്വപ്നങ്ങൾ സ്വയം നഷ്ടപ്പെടുത്തുന്ന സ്ത്രീ, ഒടുവില്‍ അയാളാൽ പരിത്യക്തയ്‌തയാകുമ്പോഴുള്ള നോവ് തുളസിയുടെ ആത്മകഥയിലുണ്ട്. മക്കളെ നഷ്ടപ്പെട്ട, കാമുകിമാരെ നഷ്ടപ്പെട്ട, തുളസിയെ നഷ്ടപ്പെട്ട മാധവന്‍ വേർപാടിനാൽ പവിത്രനാക്കപ്പെട്ടെന്ന തിരിച്ചറിവുണ്ടാകുന്ന നിമിഷത്തോളം അയാളെ പകയോടെ പ്രണയിച്ച കഥാനായിക. കാത്തിരുന്ന ആ നിമിഷത്തിനൊടുവിൽ ഈശ്വരന്റെ കാരുണ്യത്തിന് വേണ്ടി കാത്ത് കിടക്കാതെ സ്വയം ജീവിതമൊടുക്കി കഥ പൂര്‍ത്തിയാക്കുന്ന തുളസി.
മീരാസാധുവെന്ന നോവെല്ല കെ ആര്‍ മീരയുടെ പുസ്തകങ്ങളിലെ ഒരിക്കലും മറക്കാൻ കഴിയില്ലെന്നുറപ്പുള്ള സ്ത്രീകഥാപാത്രത്തിന്റെ ജീവിതം കാട്ടി തന്ന ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. 💚
Rating :4.9/5
പ്രണയത്താൽ കാഴ്ച നഷ്ടപ്പെട്ടവളെങ്കിലും ഒരു അമ്മ കൂടിയായ സ്ത്രീ സ്വന്തം കുഞ്ഞുങ്ങളെ കൊന്ന് കൊണ്ട് സ്നേഹിച്ച പുരുഷനോട് പ്രതികാരം ചെയ്യുന്നത് ന്യായീകരണകാരണങ്ങള്‍ എത്രയുണ്ടെങ്കിലും അംഗീകരിക്കാൻ മനസ്സനുവദിക്കുന്നില്ലാത്തത് കൊണ്ട് മാത്രം 5/5 റേറ്റിങ് നല്‍കുന്നില്ല.
Comments
Post a Comment