Father Died and Daughter cried

ഇൻസ്റ്റാഗ്രാം പോസ്റ്റ്‌

'Father died & the Daughter cried'.അച്ഛൻ മരിച്ചു, മകൾ കരഞ്ഞു. പാഷൻ ഫ്രൂട്ട് വള്ളികൾ ഞാന്നു കിടന്നിരുന്ന വിറകുപുരച്ചായ്പ്പിന്റെ അരഭിത്തിയിലിരുന്ന് പുസ്തകം വായിച്ചിരുന്നവളുടെ കണ്ണുകളിലൊരു നോവ്തിരമാല ആഞ്ഞടിച്ചു. പുസ്തകങ്ങളോട് ആദ്യമായ് വെറുപ്പ് തോന്നുകയാണ്. മുറക്കാമിയും മുകുന്ദനും തോറ്റു പോയിരിക്കുന്നു. നന്ദിതയും കാങ്ങും തുണച്ചില്ല. ആശ്വസിപ്പിക്കാൻ കരുത്തുള്ളവയല്ലാത്ത പുസ്തകങ്ങൾ വായനക്കാർക്ക് എന്ത് പ്രയോജനമാണുള്ളത് എന്ന് തോന്നും വിധം മനസ്സസ്വസ്ഥമായിരുന്നു. അല്പം മുമ്പ് ഇലത്തണുപ്പുള്ള മുറിയിൽ വേദനിച്ചു ഞരങ്ങിക്കൊണ്ടിരുന്ന, ഇപ്പോൾ കൂർക്കം വലിച്ചുറങ്ങിക്കൊണ്ടിരിക്കുന്ന മനുഷ്യനെ ജനാലപ്പാളിയിലൂടെയൊന്ന് നോക്കിയതേയുള്ളു. സെന്റ് ഡൊമിനിക്‌സ് കോളേജിന്റെ ലൈബ്രറിയിൽ നിന്ന് അനിയത്തി വായിക്കാൻ കൊണ്ട് വന്നു തന്ന പുസ്തകത്തിന്റെയേതോ താളിൽ ഉപ്പുവെള്ളം വീണു പടർന്നു. കാൽമുട്ടുകളിൽ മുഖമമർത്തിയൊന്ന് പൊട്ടിക്കരയാൻ കൊതി തോന്നി. പടിഞ്ഞാറു കാറുണ്ട്, മഴ പെയ്യും മുന്നേ കാപ്പിക്കുരുവും കുരുമുളകും പടുതയിട്ട് മൂടാനും, ഉണക്ക റബ്ബർഷീറ്റ് ചായ്പ്പിലേക്ക് എടുത്ത് വെക്കാനും സൂചിപ്പിച്ച് കൊണ്ട് കുന്നുപറമ്പിൽ നിന്ന് ജിഞ്ചായൻ കൂവി വിളിച്ചെങ്കിലും അറിഞ്ഞില്ല. കുരിശ് വരമുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കൊണ്ട് 'ഇൻകം ടാക്സ്' സബ്ജക്ട് പരീക്ഷക്ക് പഠിച്ചു കൊണ്ടിരുന്ന അനിയത്തി മഴ തൂളിത്തുടങ്ങിയതേ 'അയ്യോ തുണി'യെന്ന് പറഞ്ഞു പിൻമുറ്റത്തെ അയയിൽ വിരിച്ചിരുന്ന തുണികൾ പെറുക്കിത്തുടങ്ങിയതും അവൾ അറിഞ്ഞില്ല. കരഞ്ഞു തളർന്നവരുടേത് പോലെയുള്ള ശബ്ദത്തിൽ മുൻതിണ്ണയിൽ നിന്നൊരു സ്ത്രീശബ്ദം "കൊച്ചേ, മഴ പെയ്യുന്നെടീ" എന്ന് പറഞ്ഞയൊച്ച പക്ഷേ അവൾ കേൾക്കാതിരുന്നില്ല. കാപ്പിക്കുരുവിനും കുരുമുളകിനും മീതെ പടുത വീണു. ഉണക്ക റബ്ബർ ഷീറ്റ് ചായ്പ്പിൽ അടുക്കിവെയ്ക്കപ്പെട്ടു.ഒടുവിലത്തെ കാലവർഷപ്പെയ്ത്താണെന്ന് തോന്നുന്നു. നനഞ്ഞപ്പോൾ അവൾക്ക് കരയാൻ തോന്നി. ചാപ്ളിൻ പറഞ്ഞ പോലെ, മഴയത്ത് കരഞ്ഞാൽ കണ്ണീരാരും കാണില്ലല്ലോ. പക്ഷേ കരഞ്ഞില്ല. കരയുന്ന, ആശ്വാസവാക്കുകൾ തന്നേക്കാൾ അവശ്യമായുള്ള ആളുകൾ ചുറ്റുമുള്ളപ്പോൾ ആശ്വസിപ്പിക്കപ്പെടാനും കരയാനും ആഗ്രഹിക്കുന്നത് എത്ര വലിയ സ്വാർത്ഥതയാണ്! സെന്റ് സെബാസ്റ്റ്യൻ പൂക്കൾ മുറ്റത്ത് കൊഴിഞ്ഞു വീണു. കൂണ് പറമ്പിന്റെ ദിശയിൽ നിന്ന് ഇടിവാള് വെട്ടി. കുടമുല്ലപ്പൂക്കൾ വെളിയിലുള്ള ജനലിനുള്ളിൽ നിന്നുമൊരു പുരുഷശബ്ദമവൾ കേട്ടു, "കൊച്ചേ, നനയണ്ടാ, നല്ല ഇടിവാളുണ്ട്". പുൽത്തോട്ടത്തിലെ ഈന്തുമരപ്പാലത്തിലിരുന്ന് ആരും കാണാതെ അവൾ പൊട്ടിക്കരഞ്ഞു.©തൊട്ടാവാടി

Comments

Post a Comment

Popular posts from this blog

BOOK REVIEW OF KHABAR BY KR MEERA

BOOK REVIEW OF 'POKHRAN'