ചേട്ടായി നിന്നെ അന്വേഷിക്കാറുണ്ട്
Instagram post കണ്ടാൽ കണ്ണുകൾ തമ്മിലൊന്നുടക്കും.
നൊടിനേരം മാത്രം നീണ്ടു നിൽക്കുന്നൊരു നോട്ടം...ആ നോട്ടം തന്നെ ധാരാളം.
സിസ്റ്ററമ്മമാരുടെ നഴ്‌സറി ക്ലാസ്സിൽ അടുത്തടുത്ത് കിടന്നുള്ള ഉച്ചമയക്കത്തിന്റെയും,കാർമൽ സ്കൂളിന്റെ പഴയ കെട്ടിടത്തിനു മുകളിലെ ടിൻഷീറ്റ് കാറ്റത്ത് പറന്നു തുടങ്ങുമ്പോൾ ക്ലാസ്സ്‌മുറിയിൽ പെരുമഴത്തുള്ളികൾ വീണ നേവി ബ്ലൂ യൂണിഫോമിട്ട് പരസ്പരം പോര് കുത്തിയിരുന്നതിന്റെയും,വേദപാഠ ആനിവേഴ്സറിക്ക് സ്റ്റേജിലേക്ക് പലവട്ടം സമ്മാനം വാങ്ങാൻ മത്സരിച്ചു കയറിയിറങ്ങിയിരുന്നതിന്റെയും,പുതിയ സ്കൂൾ കെട്ടിടത്തിന്റെ പോർച്ചിന്റെ മണ്ടയിലുള്ള പിരമിഡിന് മീതെ ആരും അറിയാതെ കയറി വിജയഭാവത്തിൽ തിരിച്ചിറങ്ങിയിട്ട് സ്കൂളിനുള്ളിലേക്ക് ചവിട്ടിക്കയറാൻ പറ്റാതെ വന്ന് സിസ്റ്ററമ്മയുടെ ചൂരൽകഷായത്തെ പേടിച്ചു നിന്നപ്പോൾ "വാടീ കേറു പെട്ടെന്ന്" എന്ന് പറഞ്ഞു കൈ കൊണ്ട് പൊക്കികയറ്റിയതിന്റെയും,ഒരുത്തന്റെ പേഴ്സിലെ പ്രേമലേഖനം ഒരുത്തി കട്ടെടുത്ത് ക്ലാസ്സിൽ വാർത്തയാക്കിയ മുതൽ ബോയ്സും ഗേൾസും തമ്മിൽ ഉണ്ടായ വല്യ തല്ലിന്റെ ചൂട് മാറാത്ത അവധിക്കാലം പുതിയ സ്കൂളിലേക്ക് അപ്രതീക്ഷിതമായി മാറേണ്ടി വന്നപ്പോൾ ഞായറാഴ്ച പള്ളിക്കൂടത്തിൽ തിരഞ്ഞു പിടിച്ചു വന്ന് "നിനക്കവിടെ നല്ല കൂട്ടുകാരുണ്ടോ" എന്ന് ചോദിച്ചതിന്റെയും,കോളേജ് പഠിത്തത്തിന് നാട് വിട്ട ശേഷമൊരിക്കൽ കൊച്ചിക്കാക്കവലയിൽ വെച്ച് കണ്ടപ്പോൾ ആർത്തിയോടെ ചിരിച്ച് 'എന്നാ ഉണ്ട്' എന്നന്വേഷിച്ചപ്പോൾ ഒരു ചിരിയിൽ വിശേഷങ്ങൾ ഒതുക്കിയതിന്റെയും,മാസത്തിലൊരിക്കൽ ഞായറാഴ്ച ഒന്നാം കുർബാന കഴിഞ്ഞ് അവന്റെ അനിയത്തിയോടുള്ള കത്തിയടി കഴിഞ്ഞ് 'അമ്മയെ അന്വേഷിച്ചെന്ന് പറയണേ'ന്ന് പറയുമ്പോൾ 'ചേട്ടായി നിന്നെ അന്വേഷിക്കാറുണ്ട്' എന്ന അവളുടെ മറുപടിയുടെയൊക്കെ ഓർമ്മ മനസ്സിൽ തികട്ടിയെത്തിക്കുന്ന ഒരു വല്ലാത്ത ഭയങ്കര നോട്ടം.
പ്രേമമെന്ന് വിളിച്ചേക്കരുതേ;ചെക്കനും മിന്നാമിന്നി തന്നെ.
കണ്ടാൽ കണ്ണുകൾ തമ്മിലൊന്നുടക്കും.അതിപ്പോൾ കൂട്ടുകാരിയുടെ അമ്മയുടെ മരിച്ചടക്കിന് സെമിത്തേരിയിൽ നിൽക്കുകയാണെങ്കിലും.കണ്ടാൽ മിണ്ടാൻ തോന്നും.കുറേ വിശേഷങ്ങൾ അറിയിക്കാൻ തോന്നും.'ടാ ചെക്കാ,നീയൊക്കെയൊരു നല്ല കൂട്ടുകാരൻ ആയിരുന്നൂട്ടോ'ന്ന് പറയാൻ തോന്നും."എയർപോർട്ടീന്ന് ഇപ്പൊ വന്നേയുള്ളു കൊച്ച്.വെള്ളം പോലും കുടിക്കാതെ നേരെ ഇങ്ങോട്ട് പോന്നു" എന്ന് പേരമ്മയോടുള്ള അമ്മയുടെ പരിഭവം പറച്ചിൽ കേൾക്കുമ്പോൾ ഓർമ്മകൾ ഇടവേളക്കത്ത് നൽകി എങ്ങോ പോയി ഒളിഞ്ഞിരിക്കും.
വെല്ലപ്പോഴുമേ കാണാറുള്ളു.കണ്ടാലും മിണ്ടാറില്ല.അല്ലെങ്കിലും അതല്ലേ സുഖം?നാവ് കൊണ്ടില്ലെങ്കിലും കണ്ണുകൾ തമ്മിൽ മിണ്ടുന്നുണ്ടല്ലോ!
💚💚💚
©തൊട്ടാവാടി
Comments
Post a Comment