അമ്മയെന്ന ഗ്രഹം
അച്ഛന് വയ്യാതായതിൽ പിന്നെയാണ് അമ്മയ്ക്ക് വയസ്സായത്.
പിന്നിക്കെട്ടാറുണ്ടായിരുന്ന നീളൻ കോലു മുടിയിൽ നരകൾ വീണു തുടങ്ങി. മുടി വലിച്ച് വാരി കെട്ടുവാൻ തുടങ്ങി അമ്മ.
അച്ഛന് വയ്യാതായതിൽ പിന്നെയാണമ്മയ്ക്ക് വയസ്സായത്.
ഓടിച്ചാടി ഉത്സാഹഭരിതയായി നടന്നിരുന്ന അമ്മയുടെ കാലിൽ നീര് വന്നു തുടങ്ങി.
നടത്തം തീരെ പതുക്കെയാക്കി തുടങ്ങി അമ്മ.
അച്ഛന് വയ്യാതായതിൽ പിന്നെയാണമ്മയ്ക്ക് വയസ്സായത്.
അഞ്ച് നിമിഷം പോലും വിശ്രമിക്കാൻ കൂട്ടാക്കാതെ അടുക്കളയിലും പറമ്പിലുമൊക്കെങ്ങനെ അമ്മ വെപ്രാളം പിടിച്ചു പാഞ്ഞ് നടന്നു. "വെറുതെയിരുന്നാലെനിക്ക് സങ്കടം വരുമോയെന്നു പേടിയാ കൊച്ചേ" എന്നു പറഞ്ഞമ്മ.
അച്ഛന് വയ്യാതായതിൽ പിന്നെയാണമ്മയ്ക്ക് വയസ്സായത്.
അച്ഛൻ ക്ഷീണിക്കുന്നതോടൊപ്പം തന്നെ അമ്മയും മെലിഞ്ഞു തുടങ്ങി. ചുരിദാറും സാരി ബ്ലൗസുമൊക്കെ അയഞ്ഞ് തുടങ്ങിയത് പാകത്തിലാക്കി കൊടുക്കണമെന്ന് അമ്മ.
അച്ഛന് വയ്യാതായതിൽ പിന്നെയാണമ്മയ്ക്ക് വയസ്സായത്.
ഓരോ വട്ടം ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരാൻ നേരവും മധ്യവയസ്കയായ അമ്മ കൂടെ വാർദ്ധക്യത്തെ വീട്ടിലേക്ക് ആരതിയുഴിഞ്ഞ് ആനയിച്ചു. വല്ലാത്ത മറവി തുടങ്ങിയതിന്റെ കാരണമെന്തെന്നറിയില്ലെന്ന് അമ്മ.
അച്ഛന് വയ്യാതായതിൽ പിന്നെയാണമ്മയ്ക്ക് വയസ്സായത്.
രോഗിയ്ക്ക് രാവിലത്തേയും ഉച്ചയ്ക്കത്തെയും രാത്രിയിലത്തെയും മരുന്നും ഭക്ഷണവും കൊടുക്കുന്നതിനിടയിലെപ്പോഴോ അമ്മ
ഉണ്ണാനും ഉറങ്ങാനും മറന്നു. വിശപ്പും ഉറക്കവും വരുന്നില്ലെന്ന് പറഞ്ഞു അമ്മ.
അച്ഛന് വയ്യാതായതിൽ പിന്നെയാണമ്മയ്ക്ക് വയസ്സായത്.
അച്ഛന് പെട്ടെന്ന് പ്രായമായ പോലെ തോന്നുന്നെന്ന് അമ്മ.വയ്യാണ്ടായ അച്ഛനെ കാണുമ്പോൾ വയ്യാതാകുന്നുവെന്നും അമ്മ.
അച്ഛന് വയ്യാണ്ടായപ്പോഴാണ് അമ്മയ്ക്ക് പെട്ടെന്ന് വയസ്സായത്.
തമ്മിലെത്ര പിണങ്ങിയാലും അച്ഛനെന്ന സൂര്യന് ചുറ്റും കറങ്ങിയിരുന്ന ഗ്രഹമായിരുന്നു അമ്മയെന്ന് അപ്പോഴാണ് എനിക്കും മനസ്സിലായത്.
©തൊട്ടാവാടി 💚
Comments
Post a Comment